Wednesday, July 9, 2008

ഭ്രൂണ ശാസ്ത്രം ഖുര്‍ ആനില്‍


ഇസ്ലാമിക ജനിതക ശാസ്ത്രം!
പത്തൊമ്പതാം നൂറ്റാണ്ടില്‍ ആസ്ത്രിയന്‍ ശാസ്ത്രജ്ഞനായ ഗ്രീഗര്‍ മെന്ഡല്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ജനിതകസംബന്ധമായ രഹസ്യങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. ഇന്ന് മനുഷ്യന്റെയും മറ്റനേകം ജീവികളുടെയും സമ്പൂര്‍ണ്ണമായ ജനിതക മാപ്പുകള്‍ തയ്യാറായി വരുന്നു. ഇത് ജൈവസാങ്കേതികവിദ്യയുടെ ലോകത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ക്കു വഴി വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ജനിതകശാസ്ത്രവും ഖുര്‍ ആനിലുണ്ട് എന്ന വാദവും രംഗത്തിറക്കിക്കഴിഞ്ഞു!“ഖുര്‍ ആനും മുഹമ്മദ് നബിയുടെ തിരുവചനങ്ങളും പ്രത്യുല്‍പ്പാദനം , ജനിതകശാസ്ത്രം, എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് അല്‍ഭുതകരമായ വസ്തുതയത്രേ.”(ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും)നബി വെളിപ്പെടുത്തിയ പാരമ്പര്യശാസ്ത്രസംബന്ധിയായ ഒരു ‘അല്‍ഭുതജ്ഞാനം’ സഹീഹുല്‍ ബുഖാരി ഇങ്ങനെ ഉദ്ധരിക്കുന്നു:“അനസ് പറയുന്നു: തിരുമേനി മദീനയിലേക്കു വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിനു കിട്ടി. അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എനിക്ക് അങ്ങയോടു മൂന്നു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒരു നബിക്കല്ലാതെ അത് ഗ്രഹിക്കാന്‍ കഴിയില്ല. അന്ത്യപ്രളയം അടുത്തതിന്റെ ഒന്നാമത്തെ ലക്ഷണം എന്താണ്? സ്വര്‍ഗ്ഗവാസികള്‍ അവിടെ പ്രവേശിച്ച ഉടന്‍ ആദ്യം കഴിക്കുന്ന ആഹാരം എന്തായിരിക്കും? സന്താനത്തിനു പിതാവിനോടു സാദൃശ്യമുണ്ടാവാന്‍ കാരണമെന്താണ്?”തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ” അബ്ദുല്ല പറഞ്ഞു. “മലക്കുകളില്‍ ജൂതന്മാരുടെ ശ്ത്രുവാണു ജിബ്രീല്‍” തിരുമേനി തുടര്‍ന്ന് അരുളി: “അന്ത്യപ്രളയം സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആദ്യലക്ഷണം ഒരു തീയാണ്. ആ തീ മനുഷ്യരെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു നീക്കിക്കൊണ്ടു പോകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കഴിക്കുന്ന ആഹാരം മീനിന്റെ കരളിന്മേല്‍ തടിച്ചു വളര്‍ന്നു നില്‍ക്കുന്ന ഒരു കഷ്ണമായിരിക്കും. സന്താനങ്ങള്‍ക്കു മാതാപിതാക്കളോടു രൂപസാദൃശ്യമുണ്ടാകാന്‍ കാരണം ഇതാണ്; ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നിട്ട് അവനാണ് ആദ്യം ഇന്ദ്രിയസ്ഖലനമുണ്ടായത് എങ്കില്‍ സന്താനത്തിനു പുരുഷനോടാണു സാദൃശ്യമുണ്ടാവുക. മറിച്ച് അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായത് എങ്കില്‍ അവളോടാണ് സന്താനത്ത്നു രൂപസാദൃശ്യമുണ്ടാവുക. “ഇതു കേട്ടപ്പോള്‍ അബ്ദുല്ലാ ഹിബ്നു സലാം പറഞ്ഞു: അങ്ങ് ദെവദൂതന്‍ തന്നെയാണെന്ന് ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.” (ബുഖാരി: 1361. സി എന്‍ അഹ്മദ് മൌലവി)രതിമൂര്‍ഛയുടെ വേളയില്‍ കൂടിക്കലരുന്ന ‘ഇന്ദ്രിയ മിശ്രിതം’ കട്ടപിടിച്ചാണ് കുട്ടിയുണ്ടാകുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളോട് രൂപസാദൃശ്യമുണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് അന്നത്തെ അറബികള്‍ക്കറിയില്ലായിരുന്നു. മൌലികമായ ഒരു ചോദ്യത്തിന് ‍ ദെവദൂതന്‍ നല്‍കിയ ആധികാരികമായ ഉത്തരമാണിത്. അതും “ജിബ്രീല്‍ ഇതാ ഇപ്പോള്‍ വന്ന് അറിയിച്ചു പോയതേയുള്ളു” എന്ന മുഖവുരയോടെ! അന്നത്തെ ആളുകള്‍ക്കു കൌതുകം പകര്‍ന്ന ഒരു വിജ്ഞാനം തന്നെയായിരുന്നിരിക്കണം ഇത്.ശീഘ്രസ്ഖലനം ഉള്ളവര്‍ക്ക് സ്വന്തം മുഖഛായയുള്ള കുട്ടികള്‍ ജനിക്കുമെന്ന ഈ ഇസ്ലാമിക ജനിതകവിജ്ഞാനം അന്നത്തെ അറബികള്‍ പരീക്ഷണവിധേയമാക്കിയിരുന്നോ എന്നറിയില്ല. അങ്ങനെയൊരു പരീക്ഷണം നടന്നിരുന്നെങ്കില്‍ “താങ്കള്‍ ദൈവദൂതനല്ല എന്നു ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു” എന്നവര്‍ മൊഴി മാറ്റിപ്പറഞ്ഞേനേ!കുഞ്ഞിന്റെ ജനനത്തിനു ഹേതുവാകുന്ന സ്ത്രീ ബീജം[ovum] ,സംഭോഗവേളയില്‍ സ്രവിക്കുന്ന ഒരു കുഴമ്പല്ല എന്നും , പാകമാകുന്ന മുറയ്ക്ക് മാസത്തിലൊരിക്കല്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡനാളി വഴി ഇറങ്ങിവരുന്നതാണെന്നും , രതിക്രീഡയുമായി ഈ അണ്ഡസ്രാവത്തിനു നേരിട്ടു ബന്ധമില്ലെന്നും ,നാം ഇന്നു മനസ്സിലാക്കുന്നതു ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെയാണ്. ഗര്‍ഭധാരണത്തിനു സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധമില്ല. അബോധാവസ്ഥയില്‍ ബലാത്സംഗത്തിനിരയായാല്പോലും ഗര്‍ഭം ധരിച്ചേക്കാം. ഈ വക കാര്യങ്ങളെകുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഉയര്‍ന്ന തരം സാങ്കേതികവിദ്യകളൊന്നും അന്നു ദെവദൂതന്റെയും ജിബ്രീലിന്റെയും കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അറിയാത്ത കാര്യങ്ങളില്‍ തലയിട്ടു വിഡ്ഡിത്തങ്ങള്‍ പറയുന്ന ശീലം മറ്റു പല സന്ദര്‍ഭങ്ങളിലുമെന്നപോലെ ഇവിടെയും ആവര്‍ത്തിക്കുകയാണ് ജിബ്രീലും ദൂതനും ചെയ്തത്! വൃഷണം മുതുകിലെത്തിക്കാന്‍ കഴിവുള്ള വ്യാഖ്യാതാക്കളെ സംബന്ധിച്ചേടത്തോളം ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ലായിരിക്കാം. അവര്‍ ഇതൊക്കെ നിഷ്പ്രയാസം ശാസ്ത്രീയസത്യമാക്കി മാറ്റിയെടുക്കും. ആധുനിക ജനിതകശാസ്ത്രം തന്നെ ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ അവകാശപ്പെടാനും ഇടയുണ്ട്!!
Posted by ea jabbar at 6:49 AM 7 comments Links to this post
Saturday, June 14, 2008

വൃഷണം മുതുകിലേക്ക്!!
ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസം ഒരു വശത്ത്; പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവസ്തുതകള്‍ക്കു നിരക്കാത്ത ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഖുര്‍ ആനില്‍ കാണ്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറുവശത്ത്! വിശ്വാസം കൊണ്ട് തുപ്പാനും വയ്യ, ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന നിലയില്‍ വലിയ ആശയപ്രതിസന്ധിയെയാണു മതത്തിന്റെ ആധുനിക വക്താക്കള്‍ നേരിടുന്നത്. ഈ പ്രതിസന്ധിക്കവര്‍ കണ്ടെത്തിയ പരിഹാരമാണ് വ്യാഖ്യാനം കൊണ്ടുള്ള അഭ്യാസം. ആടിനെ പട്ടിയാക്കുക എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. ഇവിടെ ആടിനെയല്ല ആനയെത്തന്നെ പാറ്റയാക്കാനും അല്‍പ്പം മെയ്‌വഴക്കമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലെന്ന് ഇസലാമിന്റെ ആധുനിക പ്രയോഗ്താക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതാ ലക്ഷണമൊത്ത ഒരു ദൃഷ്ടാന്തം!വൃഷണം മുതുകിലേക്ക്!!!പുരുഷബീജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അറിവ് പക്ഷേ ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്തുണ്ടായിരുന്നില്ല. തത്സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. എല്ലുരുകി വരുന്നതാണു ശുക്ലമെന്നായിരുന്നു പഴമക്കാരുടെ ഒരു വിശ്വാസം . ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഉരുകിയൊലിച്ച് മുതുകില്‍ കേന്ദ്രീകരിക്കുകയും രതിമൂര്‍ഛയുടെ വേളയില്‍ മുതുകില്‍ നിന്നും ഒലിച്ചിറങ്ങി തെറിച്ചു വീഴുകയുമാണതെന്നുമൊക്കെയായിരുന്നു അറബികളുടെ ധാരണ. മുഹമ്മദും അങ്ങനെയൊക്കെയാണു വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വെളിപാടുകളും വെളിപാടേതര മൊഴികളും വ്യക്തമാക്കുന്നു.വിവാഹം നിഷിദ്ധമായ സ്ത്രീകളെപ്പറ്റി വിവരിക്കവെ, സ്വന്തം മക്കളുടെ ഭാര്യമാര്‍ എന്ന് ഊന്നിപ്പറയാന്‍ ഖുര്‍ ആന്‍ ഉപയോഗിച്ച ഭാഷ നോക്കൂ:നിങ്ങളുടെ മുതുകില്‍നിന്നുള്ള പുത്രന്‍ മാരുടെ ഭാര്യമാരും.[4:23]മറ്റൊരിടത്ത് ഖുര്‍ ആന്‍ പറയുന്നു:ആദാമിന്റെ മക്കളില്‍നിന്ന്, അവരുടെ മുതുകുകളില്‍നിന്ന് നിന്റെ റബ്ബ് അവരുടെ സന്തതികളെ പുറത്തെടുക്കുകയും...[7:172]മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു വിവരണം കൂടി കാണുക:തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍നിന്നത്രേ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു മുതുകിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നും പുറത്തു വരുന്നു.[86:6,7]ബീജകോശവും അണ്ഡകോശവും സംയോജിച്ചാണു ശിശുവുണ്ടാകുന്നതെന്ന ഒരു സൂചന നല്‍കാന്‍ പോലും സര്‍വ്വജ്ഞനായ ഈ ദൈവത്തിനു കഴിഞ്ഞില്ല! ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നതെന്ന ധാരണയോടൊപ്പം ശുക്ലം മുതുകില്‍നിന്നാണു വരുന്നതെന്ന അക്കാലത്തെ അന്ധവിശ്വാസവും അല്ലാഹു അംഗീകരിക്കുന്നു. ഇതാണു വസ്തുത . എന്നാല്‍ അലാഹുവിനെ അങ്ങനെയങ്ങു വിവരം കെട്ടവനാക്കി തള്ളിപ്പറയാന്‍, വിശ്വാസം കച്ചവടം ചെയ്തു ജീവിക്കുന്ന മതപുരോഹിതര്‍ക്കാവുമോ? അവര്‍ ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തിയത് അതി വിചിത്രമായ ഒരു വ്യാഖ്യാന അഭ്യാസത്തിലൂടെയാണ്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണത്തെ അവര്‍ വ്യാഖ്യാനം കൊണ്ടു മുതുകിലെത്തിച്ചുകളഞ്ഞു.!!!ഇതാ ചില സാമ്പിളുകള്‍ :“വൃഷണങ്ങളും അണ്ഡാശയങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ നട്ടല്ലിന്റെ ഇരു വശത്തായി വൃക്കയുടെ നേരെ താഴെയാണ് ആദ്യമായി കാണപ്പെടുന്നത്. ....ജനിച്ച ശേഷമാണ് അവ പലപ്പോഴും വൃഷണസഞ്ചിയിലെത്തുന്നത്. വൃഷണസഞ്ചിയിലേക്കിറങ്ങുന്നുവെങ്കിലും പഴയ ബന്ധം തീരെ വിട്ടുപോകുന്നില്ല. പ്രാണവായുവും ഭക്ഷണവും എത്തിക്കുന്ന രക്തക്കുഴലുകളും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളും വൃക്കയുടെ അടുത്തു വെച്ചു തന്നെയാണു പ്രധാന കേന്ദ്രങ്ങളുമായി സന്ധിക്കുന്നത്.....വൃക്കകള്‍ സ്ഥിതി ചെയ്യുന്നത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയിലാണുതാനും .”( പ്രജനനം. ഡോ. സി പി അബൂബക്കര്‍ ‍, പേ.14) സംഗതി മുതുകിലെത്തിയില്ലെങ്കിലും ഒരുവിധം നട്ടെല്ലിന്റെ അടുത്തിങ്കിലും എത്തിക്കിട്ടിയില്ലേ?!!ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്നതിനനുസരിച്ച് ദൈവ വെളിപാടുകളുടെ അര്‍ഥവും ആശയങ്ങളും തകിടം മറിയുന്നതെങ്ങിനെയെന്ന് IPH പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകത്തിലും വ്യക്തമാക്കപ്പെടുന്നു:“മനുഷ്യന്റെ ബീജഗ്രന്ധികള്‍ രൂപപ്പെടുന്ന സ്ഥാനം ഉപര്യുക്ത ഖുര്‍ ആന്‍ വാക്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാതാക്കള്‍ രണ്ടഭിപ്രായക്കാരാണ്. ഇബ്നു ജരീരിത്തബ്രീ , ഇബ്നു കസീര്‍ ,ജലാലൈനി എന്നിവരുള്‍പ്പെടുന്ന ഭൂരിപക്ഷം വരുന്ന ആദ്യകാല വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത് ശുക്ലം മുതുകെല്ലിന്റെ പിന്‍ഭാഗത്തുനിന്നും സ്ത്രീബീജം വാരിയെല്ലുകള്‍ക്കിടയില്‍നിന്നും വരുന്നു എന്നാണ്. ഇബ്നുല്‍ ഖയ്യിം , ഖുര്‍തുബി, ആലൂസി തുടങ്ങിയ ന്യൂനപക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ബീജഗ്രന്ധികള്‍ മുതുകെല്ലിനും വാരിയെല്ലിനും ഇടയിലാണെന്നു ഖുര്‍ ആന്‍ വാക്യത്തില്‍നിന്നു മനസ്സിലാക്കാം എന്നാണ്.... ശരീര ശാസ്ത്രത്തിലും ഭ്രൂണശാസ്ത്രത്തിലും ഉണ്ടായ പുരോഗതി കാരണം സമീപ കാലത്ത് മാറാഗി രണ്ടാമത്തെ വീക്ഷണത്തെ പിന്താങ്ങുകയുണ്ടായി. ...30 വര്‍ഷത്തിനു ശേഷം വന്ന സയ്യിദ് ഖുതുബ് തന്റെ തഫ്സീറായ ഫീളിലാലില്‍ ഖുര്‍ ആനില്‍ ശാസ്ത്രവസ്തുതകള്‍ പിടികിട്ടാത്തതു മൂലം ഈ വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ”(പേ.74,ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും.)ഇത്രയും കാര്യങ്ങള്‍ തുറന്നു പറയുന്ന ഗ്രന്ഥകാരന്‍ പിന്നെയും വൃഷണത്തെ മുതുകിലേക്കു കയറ്റിക്കൊണ്ടു പോകുന്നതു കൂടി കാണുക:“വളര്‍ച്ചയെത്തുമ്പോള്‍ ഇടുപ്പായി രൂപാന്തരപ്പെടുന്ന സ്ഥാനത്താണ് ബീജഗ്രന്ധികള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഇന്ന് പ്രസിദ്ധമാണ്. നാലാഴ്ച്ചയെത്തിയ ഭ്രൂണത്തില്‍ ജനനേന്ദ്രിയ അതിരുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ,മധ്യ വൃക്കയ്ക്കും മുതുകു വശത്തെ വപയ്ക്കും ഇടയിലെ മധ്യരേഖയിലാണ്....പുരുഷബീജ ഗ്രന്ധി ജനനം വരെ അവരോഹണപ്രക്രിയ തുടരുന്നു. ഇടുപ്പുഭാഗത്തെ നാളി വഴി ശരീരത്തിനു പുറത്തു വൃഷണസഞ്ചിയില്‍ വന്നു ചേരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ എന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയ സ്ഥാനത്തേക്കു യവ്വനകാലത്ത് ഞരമ്പുകളുടെ വിന്യാസവും രക്തയോട്ടവും മേദോവാഹിനിയിലെ ദ്രവസാന്നിധ്യവും അതേപടി നിലനില്‍ക്കുന്നു. വയറിന്റെ ഭാഗത്തെ മഹാധമനിയില്‍ നിന്നു വരുന്ന വൃഷണധമനി ഇടുപ്പിന്റെ ഭാഗത്തെ രണ്ടാം കശേരു വരെ വരുന്നു. വലത്തെ വൃഷണസിര അധോമഹാസിരയിലേക്കു താഴ്ന്നിറങ്ങുന്നു. ഇടത്തേത് ഇടതു വശത്തെ വൃക്കസിരയിലേക്കും.”(പേ.75)ഇതു സംബന്ധമായി ഖുര്‍ ആനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള പ്രസ്താവനകള്‍ വെറും മണ്ടത്തരവും മൂഡവിശ്വാസവുമാണെന്നു മനസ്സിലാക്കിയ വ്യാഖ്യാതാക്കള്‍ അക്കാര്യം സമ്മതിക്കാനുള്ള സത്യസന്ധതയില്ലായ്കയാല്‍ എന്തൊക്കെയോ തട്ടിപ്പടച്ചു ഞാണിന്മേല്‍ക്കളി നടത്തുകയാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കും ഇതു വായിച്ചാല്‍ തന്നെ ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു. ശുക്ലം മുതുകില്‍നിന്നു വരുന്നു എന്ന വെളിപാടും ഭ്രൂണവളര്‍ച്ചയുടെ ഈ വിവരണവും തമ്മില്‍ എന്തു ബന്ധമാനുള്ളത്?ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമായി ഉരുകിയൊലിച്ചു മുതുകില്‍ കേന്ദ്രീകരിക്കുന്ന ശുക്ലം സംഭോഗവേളയില്‍ മുതുകില്‍നിന്നും പുറപ്പെട്ട് തെറിച്ചു വീഴുകയാണെന്നായിരുന്നു നബിയുടേയും കൂട്ടരുടെയും വിശ്വാസമെന്ന് ആദ്യകാല തഫ്സീറുകളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കൈകാലുകളും മറ്റും നഷ്ടപ്പെട്ടു പോയവര്‍ക്കും ശുക്ലമുണ്ടെന്നും അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യം വരുന്നില്ലെന്നും മനസ്സിലാക്കിയ മൌദൂദി തന്റെ ‘യുക്തി’ഇപ്രകാരം അവതരിപ്പിക്കുന്നു:“മാറിടത്തിനും ഉദരത്തിനും ഇടയില്‍നിന്നുല്‍ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണ ശരീരത്തില്‍നിന്നാണുല്‍ഭവിക്കുന്നത് എന്നു പറയുന്നതു ശരിയല്ല.”ആദ്യകാലത്തെ വ്യാഖ്യാതാക്കള്‍ നബിയുടെ വിവരണങ്ങളെ മാത്രം അവലംബിച്ചാണു വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത്. സ്വന്തം യുക്തിയോ ശാസ്ത്രത്തിന്റെ കണ്ടെത്തലോ ഒന്നും അവര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ‘അല്ലാഹു’ എന്താണര്‍ഥമാക്കിയതെന്നറിയാന്‍ ആദ്യകാല തഫ്സീറുകളെ തന്നെയാണു നമുക്കും ആശ്രയിക്കാനാവുക. ചുരുക്കത്തില്‍ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നതിന്, ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍പ്പരം മറ്റൊരു ദൃഷ്ടാന്തവും വേണ്ടതില്ല തന്നെ!!!!!!ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.
Posted by ea jabbar at 8:18 AM 23 comments Links to this post
Friday, May 9, 2008

ഭ്രൂണ ശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും !
ഖുര്‍ ആനും ശാസ്ത്രവും എന്ന വിഷയത്തിലേക്കു കടക്കുകയാണ്.അതാണല്ലോ ഇക്കാലത്തു ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിഷയം!ആദ്യം ഭ്രൂണത്തില്‍ തന്നെ തുടങ്ങാം!!“ഖുര്‍ ആനിലും ഹദീസിലും ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ വിവരങ്ങളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും യോജിക്കുന്നതായി ,മോറിസ് ബുക്കയ്,കെയ്ത്ത് മൂര്‍‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിക്കുകയുണ്ടായി. ഭ്രൂണ ശാസ്ത്രത്തെകുറിച്ച് ഇത്രയും സൂക്ഷ്മമായ വിവരം 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു മനുഷ്യന് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ ആനില്‍ ഇത്രയും സൂക്ഷ്മമായ വിവരമുണ്ടെങ്കില്‍ അതിന്റെ ഉറവിടം തീര്‍ച്ചയായും ദൈവികമായിരിക്കണം. ഈ വസ്തുത മനസ്സിലാക്കിയ മോറിസ്ബുക്കായ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍ ഇസ്ലാം മതം സ്വീകരിച്ചു.”[ഖുര്‍ ആനും കമ്പ്യൂട്ടറും]ലോകമെമ്പാടുമുള്ള ഇസ്ലാമികപ്രചാരകര്‍ കുറെക്കാല‍മായി വലിയ തോതില്‍ പ്രചരി‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നംബറാണിത്. കേരളത്തില്‍ ഈ പ്രചാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മുപ്പതു കൊല്ലം മുമ്പു തന്നെ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ കാര്യകാരണസഹിതം തുറന്നുകാട്ടിക്കൊണ്ട് ഞാനും യുക്തിവാദികളായ മറ്റു ചില സുഹൃത്തുക്കളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതു വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രചോദനമായത് ഈയിടെ തുടങ്ങിയ ഒരു ബ്ലോഗില്‍ ഖുര്‍ ആനിന്റെ ശാസ്ത്രീയതയും ദൈവീകതയും സംബന്ധിച്ചുള്ള തട്ടുതകര്‍പ്പന്‍ ചര്‍ച്ച ശ്രദ്ധയിപ്പെട്ടതാണ്. 19ന്റെ അല്‍ഭുതം വെളിപ്പെടുത്തിയ ഒരു പ്രൊഫസറുടെ കാര്യം ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഒരു പഴയ പുസ്തകത്തിലെ ഖണ്ഡികയാണു മുകളിലുദ്ധരിച്ചിരിക്കുന്നത്.ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയ സൂക്ഷ്മവിവരങ്ങള്‍ ഖുര്‍ ആനിലുണ്ടെങ്കില്‍ തീര്‍ച്ചയായും മോറിസ് ബുക്കായിയോടൊപ്പം നമുക്കും അല്‍ഭുതചിത്തരായി ഇസ്ലാം മതത്തിന്റെ ദൈവിക സാക്ഷ്യത്തെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ നമ്മുടെ പക്കലുള്ള ഖുര്‍ ആനിലോ ഹദീസിലോ , അതെഴുതപ്പെട്ട കാലത്തെ സാധാരണ മനുഷ്യര്‍ക്കറിവില്ലാത്തതും , ആധുനികശാസ്ത്രത്തിനു മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമായ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്നു നമുക്കൊന്നു പരിശോധിക്കാം.“നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്തു നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. ശേഷം ചോരക്കട്ടയെ ഇറച്ചിക്കഷ്ണമാക്കി. പിന്നീടതിനെ എല്ലുകളാക്കുകയും അതു കഴിഞ്ഞ് എല്ലുകളെ ഇറച്ചികൊണ്ട് പൊതിയുകയും ചെയ്തു. തുടര്‍ന്നതിനെ മറ്റൊരു സൃഷ്ടിയാക്കുകയും ചെയ്തു.” (23:12-14)ഖുര്‍ ആനില്‍ പലേടത്തായി ആവര്‍ത്തിച്ചിട്ടുള്ള ഭ്രൂണവിജ്ഞാനമാണ് മേലുദ്ധരിച്ചത്. ഇതില്‍ ഒരു ശാസ്ത്രജ്ഞനെപ്പോലും അല്‍ഭുതപ്പെടുത്താന്മാത്രം എന്തു സൂക്ഷ്മജ്ഞാനമാണു ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ളത്? ആറാംനൂറ്റാണ്ടിലെ അറബികള്‍ക്കറിയാന്‍പാടില്ലാത്ത എന്തു നൂതനജ്ഞാനമാണിവിടെ ഖുര്‍ ആന്‍ വെളിവാക്കിയിട്ടുള്ളത്? ഖുര്‍ ആനിലെ ഭ്രൂണവിജ്ഞാനം തന്നെ അല്‍ഭുതപ്പെടുത്തി എന്നു പറയുന്ന മോറിസ് ബുക്കായ് തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ഖുര്‍ ആനിലെ ചോരക്കട്ടയും ഇറച്ചിക്കട്ടയുമൊക്കെ ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് അര്‍ത്ഥം മാറ്റി വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ശാസ്ത്രത്തെയും ഖുര്‍ ആനെയും യോജിപ്പിലെത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് അറബി ഭാഷ മാത്രം അറിഞ്ഞാല്‍ പോര ; അവര്‍ക്ക് ആധുനിക ശാസ്ത്രബോധവും കൂടി വേണമെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.മോറിസ് ബുക്കായുടെ ഒരുദ്ധര‍ണി നോക്കുക:-“ഖുര്‍ ആന്‍ സൂക്തങ്ങള്‍ വായിക്കുന്ന ഒരു ശാസ്ത്രജ്ഞന് ഈ വിഷയത്തില്‍ തെറ്റായ ആശയങ്ങള്‍ നല്‍കുന്ന ധാരാളം പരിഭാഷകളും വ്യാഖ്യാനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. ഭൂരിഭാഗം വിവര്‍ത്തനങ്ങളും വിവരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ രൂപീകരണം ഒരു ചോരക്കട്ടയില്‍നിന്നാരംഭിച്ചു എന്നാണ്. ഈ രംഗത്ത് പ്രത്യേക പരിശീലനം നേടുന്ന ഒരു ശാസ്ത്രജ്ഞന് ഈ പ്രസ്താവന തികച്ചും അസ്വീകാര്യമാണ്. ഖുര്‍ ആനിലെ വാക്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് ഭാഷാ പരിജ്ഞാനത്തിനു പുറമെ ശാസ്ത്രാവബോധവും കൂടി ഉണ്ടായിരിക്കണമെന്ന് ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.’’ [ഖുര്‍ ആനും ശാസ്ത്രവും പേജ്24]ശുക്ലത്തുള്ളി ,ചോരക്കട്ട, മാംസപിണ്ഡം എന്നൊക്കെ അര്‍ത്ഥമുള്ള സാധാരണ അറബി പദങ്ങളാണു ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും ആധുനിക ഭ്രൂണ ശാസ്ത്ര സംജ്ഞകള്‍ക്കനുസരിച്ച് ഈ അറബി പദങ്ങളെ മാറ്റി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട് എന്നാണ് ഈ ശാസ്ത്രജ്ഞന്‍ ഉപദേശിക്കുന്നത്. മുസ്ലിം വ്യാഖ്യാതാക്കള്‍ ഇക്കാലത്ത് ഖുര്‍ ആനില്‍ നുന്നും ശാസ്ത്രം മെനഞ്ഞുണ്ടാക്കാന്‍ പ്രധാനമായും സ്വീകരിച്ചു വരുന്ന തന്ത്രവും ഇതു തന്നെയാണ്. അലഖ എന്ന വാക്കിനു ചോരക്കട്ട എന്നതിനു പകരം തൂങ്ങിക്കിടക്കുന്ന ഭ്രൂണം, അള്ളിപ്പിടിക്കുന്ന ഭ്രൂണം എന്നൊക്കെ അര്‍ത്ഥം നല്‍കിയാലേ ഖുര്‍ ആന്‍ വാക്യത്തെ ശാസ്ത്രീയമാക്കാന്‍ കഴിയൂവെങ്കില്‍ , ഖുര്‍ ആനില്‍ അതി സൂക്ഷ്മമായ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന അവകാശവാദത്തിന് എന്തര്‍ത്ഥമാണുള്ളത്? ഏച്ചു കെട്ടിയും അര്‍ത്ഥം മാറ്റിയും ഒപ്പിച്ചുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് ഖുര്‍ ആനിലെ സൂക്ഷ്മജ്ഞാനമാവുക?ഒരു ഖുര്‍ ആന്‍ വാക്യത്തിന്റെ യഥാര്‍ത്ഥ ആശയവും വിശദാംശങ്ങളും നമുക്കു ലഭിക്കുന്നത് പ്രവാചകന്‍ അതിനു നല്‍കുന്ന വിശദീകരണത്തില്‍നിന്നാണ്. ഈ ഖുര്‍ ആന്‍ വാക്യത്തിനും വ്യക്തവും വിശദവുമായ വ്യാഖ്യാനം ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഇമാം നവവി തന്റെ ഏറ്റവും സഹീഹായ 40 ഹദീസുകളില്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഹദീസ് ഇതാ കാണുക:-“നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന്‍ ഊതും. തുടര്‍ന്ന് അവനെപ്പറ്റി നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍ ‍, ശേഷം അവന്‍ പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.”ആധികാരികതയുടെ കാര്യത്തില്‍ ഒരു നേരിയ സംശയം പോലും ആരും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഹദീസുകളിലൊന്നാണിത്. എന്നാല്‍ ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കു സ്വന്തമായ അര്‍ത്ഥവും വ്യാഖ്യാനവും നടത്തി ഖുര്‍ ആനിനെ ശാസ്ത്രത്തിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കുന്ന നമ്മുടെ മോറിസ് ബുക്കായ് ഈ ഹദീസിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:- “ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ഈ വിവരണം ആധുനിക വസ്തുതകളുമായി ഒട്ടും യോജിക്കുന്നതല്ല.” എന്നു വെച്ചാല്‍ മുഹമ്മദ് നബി പറഞ്ഞത് വിഡ്ഡിത്തമാണ്,മോറീസ് ബുക്കായിയുടെ പുതിയ വ്യാഖ്യാനമാണു നമ്മള്‍ സ്വീകരിക്കേണ്ടത് എന്നു സാരം!ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഖുര്‍ ആനും ഹദീസും വായിച്ച് അതിലെ ഭ്രൂണശാസ്ത്ര സൂക്ഷ്മജ്ഞാനത്തില്‍ ആകൃഷ്ടനായതു കൊണ്ടോ അതോ മറ്റു വല്ല പ്രലോഭനവും കാരണമോ എന്ന് അനുമാനിക്കാന്‍ കൂടുതല്‍ ആലോചിക്കെണ്ടതില്ലല്ലോ!ഇനി ഖുര്‍ ആനിലും ഹദീസിലും വിവരിക്കുന്ന ഈ ഭ്രൂണവിജ്ഞാനം വസ്തുതകളുമായി എത്രത്തോളം ബന്ധമുണ്ട് എന്നു കൂടി പരിശോധിക്കാം.മുതുകില്‍നിന്നു പുറപ്പെട്ടു തെറിച്ചുവീഴുന്ന ശുക്ലം ഗര്‍ഭാശയത്തില്‍ മാറ്റമില്ലാതെ 40 ദിവസം കിടക്കും എന്നാണല്ലോ ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. ഇതു തീര്‍ത്തും തെറ്റാണ്. മുതുകിലല്ല ശുക്ലവും ബീജവും ഉല്പാദിപ്പിക്കപ്പെടുന്നതെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്യാം. ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നത് എന്ന ധാരണ തന്നെ വിവരക്കേടാണ്. ഒരു തുള്ളി ശുക്ലത്തില്‍ ദശലക്ഷക്കണക്കിനു പുംബീജങ്ങളുണ്ട് . അതിലൊന്നു മാത്രമേ അണ്ഡവുമായി സംയോജിക്കുന്നുള്ളു. ബീജങ്ങള്‍ക്കു ഗര്‍ഭാശയത്തില്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവനോടെയിരിക്കാനാവില്ല. 40 ദിവസം ശുക്ലം മാറ്റമില്ലാതെ കിടക്കുന്നു എന്ന നബിവചനം ശാസ്ത്രദൃഷ്ട്യാ വെറും അസംബന്ധമാണ്. 40ദിവസം കഴിഞ്ഞ് ചോരക്കട്ടയാകുന്നു എന്നതും മണ്ടത്തരം തന്നെ. ചോരക്കട്ടയ്ക്കു പകരം അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം മാറ്റിയാലും വ്യാഖ്യാനം ശരിയാവുകയില്ല. കാരണം ഭ്രൂണം അള്ളിപ്പിടിക്കുഅന്നത് 40 ദിവസം കഴിഞ്ഞല്ല.ബീജസങ്കലനം കഴിഞ്ഞ് ആറാമത്തെ ദിവസം തന്നെ ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിക്കും. ഈ അള്ളിപ്പിടുത്തം 40 ദിവസം കഴിഞ്ഞ് അവസാനിക്കുന്നുമില്ല. പ്രസവസമയത്ത് പൊക്കിള്‍ക്കൊടി മുറിച്ച് പ്ലാസെന്റാ വേര്‍പ്പെടുത്തുന്നതു വരെ അള്ളിപ്പിടുത്തം തുടരും. അലഖ എന്ന വാക്കിനു തൂങ്ങിക്കിടക്കുന്നത്, അള്ളിപ്പിടിക്കുന്നത് എന്നൊക്കെ അര്‍ത്ഥം നല്‍കിയാലും ഖുര്‍ ആനിലെ വിവരണം തെറ്റു തന്നെ. അലഖ എന്ന രണ്ടാം ഘട്ടം കഴിഞ്ഞ് മാംസക്കട്ട എന്ന മൂന്നാം ഘട്ടം വരുന്നതോടെ അള്ളിപ്പിടുത്തം അവസാനിക്കുന്നില്ല എന്നതു കൊണ്ടു തന്നെ ആ പദത്തിനു ചോരക്കട്ട എന്നല്ലാതെ അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം കൊടുക്കാനാവില്ല. ശുക്ലബിന്ദു എന്ന ഒരു ഘട്ടം തന്നെ ഗര്‍ഭധാരണത്തിനു ശേഷം നിലനില്‍ക്കുന്നില്ല. ശുക്ലത്തിലെ ലക്ഷക്കണക്കിനു ബീജങ്ങളിലൊന്നു മാത്രമാണു അണ്ഡവുമായി ചേരുന്നത്. അപ്രകാരം സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശം അതിന്റെ അനുസ്യൂതമായ വിഭജനപ്രക്രിയയിലൂടെ വളരാന്‍ തുടരുന്നു.ബീജസങ്കലനം കഴിഞ്ഞാലുടന്‍ തന്നെ അണ്ഡം വളര്‍ന്നു തുടങ്ങും. 40 ദിവസം കഴിയുമ്പോഴേക്കും ഭ്രൂണത്തിനു തലയും ഉടലും വേര്‍തിരിയും. കണ്ണുകളും വായും രൂപപ്പെടാന്‍ തുടങ്ങുകയും കൈകാലുകളുടെ സ്ഥാനത്ത് മുഴകള്‍(buds) പ്രത്യക്ഷപ്പെടുകയും ചെയ്യും. 80 ദിവസം കഴിയുമ്പോള്‍ ചോരക്കട്ട ഇറച്ചിക്കട്ടയാകുമെന്നാണു നബിയും അല്ലാഹുവും പറയുന്നത്. ശാസ്ത്രം പറയുന്നത് ഏതാണ്ട് 12ആഴ്ച്ച കൊണ്ട് മനുഷ്യശിശുവിന്റെ ആകൃതി കൈവരുകയും കൈകാല്‍ വിരലുകള്‍ പോലും കൃത്യമായി രൂപപ്പെടുകയും ചെയ്യുമെന്നാണ്.നാലാം മാസത്തിലെ ജീവന്‍ ഊത്ത്!നാലു മാസം ജീവനില്ലാതെ കിടന്ന ഭ്രൂണത്തിനു ജീവന്‍ ഊതിക്കയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നാണു പ്രവാചകന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അദൃശ്യജ്ഞാനം! ശാസ്ത്രദൃഷ്ട്യാ ഇതില്‍പ്പരമൊരു വിഡ്ഡിത്തം വേറെയില്ല. ബീജകോശവും അണ്ഡകോശവും അവ സംയോജിച്ചുണ്ടാകുന്ന ഭ്രൂണവുമെല്ലാം ജീവനുള്ളവയാണ്. ജീവന്റെ എല്ലാ സവിശേഷതയും ഉള്ളതുകൊണ്ടാണ് അവയൊക്കെ ക്രമപ്രകാരം വളര്‍ന്നു നിശ്ചിത ജീവിയായി തീരുന്നത്. ഈ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജൈവ രാസ ഘടകങ്ങള്‍ അതാതു ജീവികോശത്തിലെ ക്രോമസോമുകളില്‍തന്നെ അടങ്ങിയിട്ടുണ്ട്. പുറത്തുനിന്നൊരു മലക്കിന്റെ ഇടപെടലൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. ഏതാണ്ടു നാലു മാസത്തെ വളര്‍ച്ചക്കു ശേഷമാണു കുഞ്ഞിന്റെ ചലനം പുറമേക്കനുഭവപ്പെട്ടു തുടങ്ങുന്നത്. ഇക്കാരണത്താല്‍ പണ്ടുള്ളവര്‍ ഊഹിച്ചുണ്ടാക്കിയ അന്ധവിശ്വാസമായിരിക്കാം മലക്കിന്റെ ആഗമനവും ജീവനൂതലും മറ്റും. നാലാം മാസം മലക്കു വന്ന് ഊതിക്കയറ്റുന്നത് ജീവനോ ആത്മാവോ എന്ന തര്‍ക്കവും അടുത്ത കാലത്തായി പൊന്തിവന്നിട്ടുണ്ട്. നാലു മാസം വരെ ശിശു ജീവനില്ലാതെ വളരുന്നു എന്നു തന്നെയാണ് മത പണ്ഡിതലോകത്തെ പൊതു മതം. നാലു മാസത്തിനു മുമ്പുള്ള ഭ്രൂണഹത്യ പാപമല്ല എന്ന് ജമാ അത്തെ ഇസ്ലാമിക്കാര്‍ ഫത്വ കൊടുത്തത് ഈ അടിസ്ഥാനത്തിലാണ്. [പ്രബോധനം 2000 നവംബര്‍ 4]ചുരുക്കത്തില്‍ ആറാംനൂറ്റാണ്ടിലെ സാധാരണക്കാര്‍ക്കറിയാവുന്നതിലപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആനോ ഹദീസോ വെളിപ്പെടുത്തുന്നില്ല. ഇക്കാര്യം സത്യസന്ധമായി വളച്ചുകെട്ടില്ലാതെ ഒരു മതപണ്ഡിതന്‍ തന്നെ തുറന്നു പറഞ്ഞത് ഇതാ കാണുക:- “ഗര്‍ഭാശയത്തില്‍ ഒരു ശിശു കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ സൂചിപ്പിച്ചിരിക്കുകയാണിവിടെ. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്നു കണ്ടെത്തിയിട്ടുള്ള അതിസൂക്ഷ്മമായ പരിണാമഘട്ടങ്ങളൊന്നും പക്ഷെ ഇവിടെ വിശദീകരിക്കുന്നില്ല. മറിച്ച് ഒരു സാധാരണ കാട്ടറബിക്കു പോലും സുപരിചിതമായിരുന്ന മുഖ്യ പരിണാമദശകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. അതായത് ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ പതിച്ച ശേഷം അത് ഒരു രക്തപിണ്ഡമാവുകയും പിന്നീട് രൂപമൊന്നുമില്ലാത്തതും ക്രമേണ മനുഷ്യരൂപം പ്രാപിക്കുന്നതുമായ ഒരു മാംസക്കട്ടയായി പരിണമിക്കുകയും ചെയ്യുമെന്നു സാധാരണക്കാര്‍ക്കു പോലും അറിയാമായിരുന്നു. വിവിധ അവസ്ഥകളിലുണ്ടാകുന്ന ഗര്‍ഭച്ഛിദ്രങ്ങളിലൂടെ ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അക്കാലത്തും മനുഷ്യര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ പ്രസ്തുത ഘട്ടങ്ങളിലേക്കു വിരല്‍ ചൂണ്ടിയത്. അതു മനസ്സിലാക്കുവാന്‍ അന്നും ഇന്നും ശാസ്ത്രീയ ഗൈനക്കോളജി ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.”[തഫ്ഹീമുല്‍ ഖുര്‍ ആന്‍ വോള്യം3 പേജ്195]മൌദൂദിയുടെ ഈ വിവരണം വായിക്കാനിടയായിരുന്നെങ്കില്‍ നമ്മുടെ മോറീസ് ബുക്കായിയെപ്പോലുള്ളവര്‍ മതം മാറാന്‍ മുതിരുമായിരുന്നില്ല!തുടരും...

2 comments:

alichemmad said...

computer

ponnemadathil said...

ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി ഇവിടെ വായിക്കുക